ഹരിത വിദ്യാലയ പുരസ്കാരവുമായി അവനവഞ്ചെരി ഗവ. വിദ്യാലയം

ആറ്റിങ്ങല്‍: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഹരിത വിദ്യാലയ പുരസ്കാരം അവനവഞ്ചെരി ഗവ. വിദ്യാലയം കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ നാലാംസ്ഥാനമാണു വിദ്യാലയം കരസ്ഥമാക്കിയത്. അവനവഞ്ചെരി ഗവ. വിദ്യാലയമാണ് ജില്ലയില്‍ അവാര്‍ഡ്‌ കരസ്ഥമാക്കിയ ഏക വിദ്യാലയം. മന്ത്രി പ്രഫ. സി.രവിന്ദ്രനാഥ് അവാര്‍ഡായ പതിനായിരം രൂപയും ഫലകവും വിദ്യാലയത്തിനു കൈമാറി. വിദ്യാലയത്തില്‍ നടപ്പാക്കിയ വിവിധ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും മലിനീകരണ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണു അവാര്‍ഡ്‌. വിദ്യാലയത്തിലെ കുട്ടി പോലീസിന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങളും നടത്തിവരുകയും അവനവഞ്ചെരി മേഖലയെ പ്ലാസ്റ്റിക്‌ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ റസിഡന്‍റ്സ് അസോസിയേഷനുകളുമായി ചേര്‍ന്ന് പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിച്ചു സായി ഗ്രാമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിസൈക്ലിങ് യൂണിറ്റിനു കൈമാറി വരുന്നതും അവാര്‍ഡിനു പരിഗണിക്കപ്പെട്ടു.