ആറ്റിങ്ങല്‍: 15.79 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

ആറ്റിങ്ങല്‍: നഗരസഭയില്‍ 15.79 കോടി രൂപയുടെ ജനകീയാസൂത്രണ പദ്ധതിക്കു ജില്ലാ ആസൂത്രണ സമിതി ആംഗീകാരം നല്‍കി. ഉല്‍പാദനമേഖലയില്‍ 91.02 ലക്ഷവും സേവനമേഖലയില്‍ 2.67 കോടിയും പശ്ചാത്തലവികസനത്തിന് 3.55 കോടിയും പട്ടികജാതി ക്ഷേമത്തിനു 1.71 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്. ശുചിത്വമേഖലയില്‍ 1.23 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും. സംസ്കരണ പ്ലാന്‍റില്‍ ഓര്‍ഗാനിക് വേസ്റ്റ് കണ്‍വര്‍ട്ടര്‍ സ്ഥാപിക്കും. ഖരമാലിന്യ സംസ്കരണ പ്ലാന്‍റിനോടു ചേര്‍നുള്ള ഭൂമി ഏറ്റെടുത്തു വിപുലീകരിക്കും. നഗരസഭ ടൗണ്‍ഹാള്‍ വികസനത്തിന് ഒരുകോടി രൂപ ചെലവിടും. വിഷരഹിതപച്ചക്കറി കൃഷിക്കു വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തി 18.33 ലക്ഷം രൂപയും കുടിവെള്ളമേഖലയില്‍ 27.51 ലക്ഷം രൂപയും ചെലവിട്ടുള്ള പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.